Ur friend

Saturday, September 11, 2010

'ജന സേവനം'

പെരുന്നാള്‍ പ്രമാണിച്ച് നാട്ടിലേക്ക് ഇറങ്ങിയതായിരുന്നു. ട്രെയിന്‍ ഇറങ്ങി, വീട്ടിലേക്കുള്ള വഴിയില്‍ എത്തിയ ഞാന്‍ ചെറുതായി ഞെട്ടി. സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നു!! റോഡ്‌ അരികില്‍ ജില്ലിയും മറ്റും കൂട്ടി ഇട്ടിരിക്കുന്നു. റോഡ്‌ നന്നാക്കാന്‍ അധികൃതര്‍ തീരുമാനിച്ച്ചെന്നര്‍ത്ഥം! പെട്ടെന്നെന്താ ഇങ്ങനെ? അതും ആലോചിച്ച് നടക്കുമ്പോഴാണ് നമ്മുടെ മെമ്പര്‍ ആ വഴി വന്നത്. വിശേഷങ്ങള്‍ ചോദിച്ച ശേഷം ശബ്ദം കുറച്ച് അദ്ദേഹം പറഞ്ഞു.. ഇലക്ഷന്‍ അടുത്തു, ഞാന്‍ ഒന്നും പറയണ്ടല്ലോ. നമുക്ക് കാണാം..

അപ്പോള്‍ മാത്രമാണ് ഈ 'വികസന'ത്തിന്‍റെ ശാസ്ത്രീയ വശം മനസ്സിലായത്! ഇത്രയും വര്‍ഷങ്ങളായി കണ്ണടച്ച് കിടക്കുന്ന, കണ്ണ് തുറപ്പിക്കാന്‍ ആവുന്നത് ചെയ്തു നോക്കിയ തെരുവ് വിളക്കുകള്‍ പ്രകാശം ചൊരിയുന്നു. റോഡ്‌ നന്നാക്കാന്‍ കല്ലും ടാര്‍ വീപ്പയും എത്തിയിരിക്കുന്നു.. നാട്ടുകാരും സന്തോഷത്തിലാണ്.. ഇലക്ഷന്‍ കഴിയുന്നത് വരെയെങ്കിലും സമാധാനത്തോടെ രാത്രി ഇറങ്ങി നടക്കാം, വണ്ടികള്‍ റോഡില്‍ ഇറക്കാം. എല്ലാവരും ഹാപ്പി!

ഇതൊക്കെ കണ്ട്‌ തിരിച്ചു കയറുമ്പോള്‍ ആരോ പറയുന്നു.. 'ഇതാണ് സഖാവെ, ജന സേവനം!'

Wednesday, September 8, 2010

ഒറ്റയാന്‍

ചാറ്റല്‍ മഴയത്ത്‌ നിലാവ് തേടി ട്രെയിന്‍ ഇറങ്ങിയ എന്നെ വരവേറ്റത് ഇരുണ്ട ആകാശമായിരുന്നു. മിന്നല്‍ പിണറുകള്‍ ആകാശത്ത് ചിത്രം വരച്ചു പേടിപ്പിച്ചു കൊണ്ടേയിരുന്നു. ഒറ്റക്കായത് കൊണ്ടാവാം, ആ ചിത്ര രചന ആസ്വദിക്കാന്‍ എനിക്കായില്ല. മൊബൈല്‍ വെട്ടത്തില്‍ റെയില്‍ പാളത്തിനു നീളം കൂടുന്നതായും അനുഭവപ്പെട്ടു. പേടി മാറാനോ എന്തോ, ഞാന്‍ എന്‍റെ ട്രെയിന്‍ മേറ്റ്സ് നെ വിളിച്ചു. അയ്യേ! പേടി പോലും! - ഒരാള്‍. ഞങ്ങളുണ്ട് നിന്റെ കൂടെ - മറ്റൊരാള്‍. പിന്നീടെല്ലാവരും ചേര്‍ന്ന് എനിക്ക് നേര്‍ന്നത് പ്രേതങ്ങളുടെ കൂട്ട്. ഒടുവില്‍ അവരെ പ്രേതങ്ങളായി മനസ്സില്‍ കരുതി വേനല്‍ മഴ വൈദ്യുതി അണച്ച വീട്ടിലേക്ക് ഞാന്‍ തനിയെ, മഴയില്‍ കുതിര്‍ന്ന റെയില്‍ പാളത്തിലൂടെ നടന്നു..

Sunday, September 5, 2010

ഉച്ച നടത്തം..

കറങ്ങി തിരിക്കാന്‍ ഇറങ്ങിയതായിരുന്നില്ല. വെറുതെ, പുസ്തകം വായിച്ച് ബോറടിച്ചപ്പോള്‍ നടന്നു വരാമെന്ന് പറഞ്ഞത്‌ അവള്‍ ആയിരുന്നു. സമയം നട്ടുച്ച! ഏതായാലും ആവശ്യപ്പെട്ടതല്ലേ, ഞാന്‍ ഓ.കെ. പറഞ്ഞു. ഓഫീസിന്റെ ഇടതു വശത്തുള്ള, വാഹനങ്ങള്‍ കുറഞ്ഞ റോഡ്‌ ഞങ്ങള്‍ തെരഞ്ഞെടുത്തു. എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സിന് കടിഞ്ഞാണിടാന്‍ എനിക്കായി. എന്നാല്‍ അവള്‍ ഒരു ടേപ്പ് പോലെ പറഞ്ഞു തുടങ്ങിയിരുന്നു. നടക്കുമ്പോള്‍ തമ്മില്‍ തട്ടാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് അത് പ്രശ്നം അല്ലാത്തതായി തോന്നി.
ആരംഭിച്ചത് എവിടെയെന്നറിയില്ല, പക്ഷെ, ചെന്നെത്തിയത് ബ്ലോഗിനെകുറിച്ച ചര്‍ച്ചയിലാണ്. തീര്‍ച്ചയായും കൊച്ചു ത്രേസ്യക്കാണ് നന്ദി. 'മലബാര്‍ എക്സ്പ്രസ്സ്‌ നെ കുറിച്ച് ഞാന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ അവള്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടാകില്ലായിരുന്നല്ലോ. എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു. എന്തോ എന്റെ കണ്ണിലെ പ്രണയം അവള്‍ തിരിച്ചറിയുന്നില്ലേ? ചിലപ്പോള്‍ അറിയാത്തതായി ഭാവിക്കുകയാവും. അങ്ങനെ വിശ്വസിക്കാന്‍ ആണ്ണ്‍ എനിക്കിഷ്ടവും. അല്ലെങ്കില്‍ എന്റെ ഭാവാഭിനയമൊക്കെ വേസ്റ്റ് ആവില്ലേ? മെല്ലെ, ഞങ്ങള്‍ തിരിച്ചു നടക്കാനാരംഭിച്ചു. 'ബ്ലോഗിങ്ങ്' വിട്ടിരുന്നില്ല. ഓഫീസില്‍ തിരിച്ചെത്തി, മനസ്സിന്നാകെ ഒരു സന്തോഷം..

കാസര്‍കോടന്‍ കാഴ്ചകള്‍


പേടിച്ചാണ് കാലു കുത്തിയതെങ്കിലും 23 ദിവസം പിന്നിടുമ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിഷ്കളങ്കരായ നാട്ടുകാര്‍, കച്ചവടക്കാര്‍.. എങ്കിലും മുന്‍പ്‌ എഴുതി ചേര്‍ത്ത് പോയ ആ 'കളങ്കം' മായാതെ നിലനില്‍ക്കുന്നുണ്ടെന്ന് ഇവിടെ ആദ്യം വരുന്നവരുടെ മുഖ ഭാവത്തില്‍ നിന്നും മനസിലാക്കാം.